ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച നടപടിക്ക് ഹൈക്കോടതി അനുമതി; തൃണമൂലിന് തിരിച്ചടി
പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി വിമത എം.എൽ.എ. ഋതബ്രത ബാനർജിയെ അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ അനുമതി. സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് സ്റ്റേ അനുവദിക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ (TMC) ആവശ്യം കോടതി നിരസിച്ചു. ഇതോടെ പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ സ്പീക്കറുടെ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചതോടെ, കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഋതബ്രതയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാം.
മുതിർന്ന തൃണമൂൽ നേതാവ് ശോഭൻദേബ് ചട്ടോപാധ്യായ സമർപ്പിച്ച ഹർജി ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ബെഞ്ചാണ് പരിഗണിച്ചത്. തൃണമൂലിന് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ച കോടതി, പ്രഥമദൃഷ്ട്യാ ഹർജിക്കാരന് അനുകൂലമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചു. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് കൂടുതൽ വാദത്തിനായി ജൂലായ് 28-ലേക്ക് മാറ്റി.
തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ടി.എം.സി.യിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് ഈ സുപ്രധാന കോടതി വിധി വരുന്നത്. മേയ് ആറിന് ശോഭൻദേവ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി ടി.എം.സി. തിരഞ്ഞെടുക്കുകയും സ്പീക്കറെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്പീക്കറുടെ ആവശ്യപ്രകാരം ഔദ്യോഗിക പ്രമേയവും യോഗത്തിന്റെ മിനിറ്റ്‌സും ഉൾപ്പെടെയുള്ള രേഖകൾ മേയ് 19-ന് കൈമാറിയെങ്കിലും, തങ്ങളുടെ അവകാശവാദത്തിൽ സ്പീക്കർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് തൃണമൂൽ ഹർജിയിൽ ആരോപിക്കുന്നു.
