ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി; ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി യുവതി
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പത്തൊൻപതുകാരിയായ യുവതിയും കാമുകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് വർഷം മുൻപാണ് രമേഷും ശാന്തിപുരം സ്വദേശിനി ഹാസിനിയും വിവാഹിതരായത്. ഇവർക്ക് ഒരു മകളുണ്ട്. എന്നാൽ ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധറുമായി (20) പ്രണയത്തിലായിരുന്നു. രമേഷിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് പറഞ്ഞ് ഹാസിനി നിർബന്ധിച്ചാണ് രമേഷിനെ കൃത്യം നടന്ന മല്ലപ്പ കൊണ്ടയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. യാത്രയിലുടനീളം ഹാസിനി തന്റെ ഫോണിലൂടെ കാമുകന് ലൈവ് ലൊക്കേഷൻ പങ്കുവെച്ചിരുന്നു. ഹിൽ റോഡിലെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി മനഃപൂർവ്വം ഹാൻഡ്ബാഗ് താഴെയിട്ടു. ബാഗ് എടുക്കാനായി രമേഷ് ബൈക്ക് നിർത്തിയ സമയത്ത്, അവിടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് രമേഷിനെ വനത്തിനുള്ളിലേക്ക് ഓടിച്ചിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ കുഞ്ഞിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം.
ആക്രമണത്തിന് ശേഷം ഹാസിനി ഭർത്താവിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹാസിനി, കാമുകൻ യുഗന്ധർ, ഇവരുടെ രണ്ട് കൂട്ടാളികൾ എന്നിവരാണ് അറസ്റ്റിലായത്. വിവാഹസമയത്ത് ഹാസിനി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പ്രായപൂർത്തിയാകാത്ത ആളുമായിരുന്നുവെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കും.
