ബംഗാളിൽ രണ്ടാം ഘട്ടത്തിൽ കനത്ത പോളിങ്; ബൂത്തുകളിൽ സ്ത്രീകളുടെ നീണ്ട നിര
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ആവേശകരമായ ജനവിധി. രാഷ്ട്രീയമായി ഏറെ നിർണ്ണായകമായ 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കൊൽക്കത്ത, ഹൗറ, നോർത്ത് - സൗത്ത് 24 പർഗാനാസ് ഉൾപ്പെടെയുള്ള എട്ട് ജില്ലകളിലായി രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ്ങിൽ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബൂത്തുകളിൽ സ്ത്രീകളുടെ നീണ്ട നിര ദൃശ്യമാണ്.
തൃണമൂൽ കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത് എന്നതിനാൽ രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന പോരാട്ടമാണിത്. 2021-ലെ തിരഞ്ഞെടുപ്പിൽ ഈ 142 സീറ്റുകളിൽ 123 സീറ്റുകളും ടിഎംസി തൂത്തുവാരിയിരുന്നു. ഈ ആധിപത്യം തകർത്ത് അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തീവ്രശ്രമവും മമത ബാനർജിയുടെ പ്രതിരോധവുമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. പതിവ് തെറ്റിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി തന്നെ നേരിട്ട് പോളിങ് ബൂത്തുകളിൽ പര്യടനം നടത്തിയത് ടിഎംസി ഈ ഘട്ടത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലിയിൽ ഇവിഎം തകരാറിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സിആർപിഎഫ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എൻടലിയിൽ ബിജെപി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായതും വാർത്തയായി. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 6.30 വരെയാണ് വോട്ടെടുപ്പ്.
