കനത്ത മഴ;ഡൽഹിയിൽ ഓറഞ്ച് അലർട്ട്, 357 വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു
ഡൽഹിയിൽ അടുത്ത രണ്ട് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഒപ്പമുള്ള മഴയ്ക്കാണ് സാധ്യത. ഇതേത്തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. 357 വിമാന സർവീസുകൾക്ക് ഇതുവരെ തടസ്സം നേരിട്ടു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കുകയും 15 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ശക്തമായ മഴയിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 24 വരെയുള്ള കണക്കനുസരിച്ച് ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ 12 മഴദിനങ്ങളിലായി 246.2 മില്ലിമീറ്റർ മഴ ലഭിച്ചു. ഓഗസ്റ്റ് മാസത്തിലെ സാധാരണ ശരാശരി മഴയായ 226.8 മില്ലിമീറ്ററിനേക്കാൾ കൂടുതലാണിത്.
ഈ മാസം ഡൽഹിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റ് എട്ടിനാണ്. അന്ന് 24 മണിക്കൂറിനിടെ സഫ്ദർജംഗിൽ 98.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.
