കനത്ത മഴയിൽ മുങ്ങി ഡൽഹി; 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഉത്തരേന്ത്യയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് മാറ്റിയത്. സർവീസുകൾ ശരാശരി 32 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തുന്നത്. മോശം കാലാവസ്ഥ കാരണം ഇതുവരെ 262 സർവീസുകളെ ബാധിച്ചതായി ഫ്ലൈറ്റ്‌റഡാർ24 കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടും കനത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യാത്രക്കാരെ വലച്ചു. ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
