മുംബൈയിൽ കനത്ത മഴ: മണ്ണിടിച്ചിൽ; 6 പേർ മരിച്ചു
മുംബൈയിലെ ഘാട്കോപ്പറിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ചിരാഗ് നഗറിലെ അശോക് നഗർ പ്രദേശത്തെ ഗൗഷിയ ചൗളിൽ പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മുംബൈ മേയർ ഋതു താവ്ഡെ സംഭവസ്ഥലം സന്ദർശിക്കുകയും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ‍്യാപിക്കുകയും ചെയ്തു.
മുഹമ്മദ് സമീർ അൻസാരി (14), സഹിൽ ഹുസൈൻ അബ്ദുൾ കാസി (19), അബാൻ ആരിഫ് ഷെയ്ഖ് (2), മനത് ആരിഫ് ഷെയ്ഖ് (4), മർജീന ആരിഫ് ഷെയ്ഖ് (27), 45 വയസ് പ്രായം വരുന്ന അജ്ഞാത വ‍്യക്തി എന്നിവരാണ് മരണപ്പെട്ടത്.
സോഹെൽ അൻസാരി (18), മുഹമ്മദ് അൻസാരി (14) എന്നിവർ പരുക്കേറ്റ് കുർളയിലെ സിവിൽ ഭാഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ‍്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ‍്യക്തമാക്കി.
ചിലർ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയായി തുടരുകയാണ്. അഗ്നിശമന സേന, പൊലീസ്, എൻഡിആർഎഫ്, ആംബുലൻസ് ജീവനക്കാർ എന്നിവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
