മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം; മുംബൈ-പൂനെ ഹൈവേയിൽ ഉരുൾപൊട്ടി, മുംബൈയിൽ ഓറഞ്ച് അലർട്ട്
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴ തുടരുകയാണ്. മുംബൈ-പൂനെ ദേശീയപാതയിൽ ഉരുൾപൊട്ടി. പാൽഘർ ജില്ലയിലെ വസായി, വീരാർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്നലെ രാത്രി മാൻകുർദ് മേഖലയിൽ അനധികൃതമായി നിർമിച്ച കുടിലുകൾ തകർന്നുവീണ് ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്. കഴിഞ്ഞ ആറു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുംബൈ, താനെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
അതേസമയം, ഉത്തരേന്ത്യയിലും മഴ ശക്തമാണ്. ഉത്തരാഖണ്ഡിൽ അളകനന്ദാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നമാമി ഘട്ട് പൂർണമായും വെള്ളത്തിനടിയിലായി. ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് തുടരുകയാണ്. ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പൂരിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ, ഗരിയാബന്ദ് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
