ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണം 20 കടന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി മരണം 20 കടന്നു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് 16,000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ 2 ബി എസ് എൻ എൽ തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശിലും പ്രധാന റോഡുകളിൽ വെള്ളം കയറി. കനത്ത മഴ 23 ജില്ലകളെ നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വിവിധ ജില്ലകളിൽ യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വാരണാസിയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ മാസം ആറുവരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
