ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 97 ആയി

  1. Home
  2. National

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 97 ആയി

mumbai rain


ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാകുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നു. ബ്രഹ്‌മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താളം തെറ്റിയിരിക്കുകയാണ്.

ഉത്തരാഖണ്ഡിലും സ്ഥിതി ഗുരുതരമാണ്. അളകനന്ദ, മന്ദാകിനി നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നതിനാൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തിൽവാരയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കേദാർനാഥ് തീർഥയാത്രയും താൽക്കാലികമായി നിർത്തിവച്ചു.

സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തു. ദുരന്തസാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.അതേസമയം, ഡൽഹിയിലും കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി.