ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; ഡൽഹിയിൽ യെല്ലോ അലർട്ട്, ഉത്തരാഖണ്ഡിൽ 136 റോഡുകൾ അടച്ചു
ബിഹാറിനും ഉത്തർപ്രദേശിനും പിന്നാലെ ഉത്തരാഖണ്ഡിലും കനത്ത മഴ നാശം വിതയ്ക്കുന്നു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ സംസ്ഥാനത്തെ 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അതത് സംസ്ഥാന ഭരണകൂടങ്ങൾ ഊർജിതമാക്കി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ അടച്ചതും ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യയിലെ വിവിധ മേഖലകളിൽ സാധാരണ ജനജീവിതം താളംതെറ്റിയിരിക്കുകയാണ്.
