കനത്ത മഴ;ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാന സർവീസുകൾ താളംതെറ്റി
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു.മഴ ശക്തമായതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. ഡൽഹിയിലേക്ക് എത്തേണ്ടതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങൾ വൈകുകയാണ്. ഡൽഹിയിലേക്ക് എത്തിയ ഒൻപത് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ലഖ്നൗ, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് സർവീസ് വൈകുന്നതും വഴിതിരിച്ചുവിടുന്നതും സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. നിരവധി താമസമേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി. എന്നാൽ പ്രധാന റോഡുകളിൽ കാര്യമായ വെള്ളക്കെട്ടോ ഗതാഗത തടസ്സമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.മഴ തുടർന്നും ശക്തമായി പെയ്താൽ പടിഞ്ഞാറൻ ഡൽഹിയിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്.
