വി.ഡി സതീശനെയും തന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ചെന്ന് ഡി.കെ ശിവകുമാർ

  1. Home
  2. National

വി.ഡി സതീശനെയും തന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ചെന്ന് ഡി.കെ ശിവകുമാർ

dk


കേരള മുഖ്യമന്ത്രി വി.ഡി സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും എതിരെ അത്യാധുനിക മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി വെളിപ്പെടുത്തൽ. തന്നെ കാണാനെത്തിയ ഒരു പ്രമുഖ വ്യവസായി ഒളിക്യാമറ ഘടിപ്പിച്ച പ്രത്യേക കണ്ണട ധരിച്ചാണ് രഹസ്യ നീക്കത്തിന് മുതിർന്നതെന്ന് ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഡി.കെ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും ബി.ജെ.പി-എൻ.ഡി.എ നേതാക്കളെ ഈ വ്യവസായി സന്ദർശിച്ചപ്പോൾ ഇത്തരം കണ്ണടകൾ ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഉദ്യോഗസ്ഥർ വഴി മുൻകൂട്ടി അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയതെന്ന് ശിവകുമാർ പറഞ്ഞു. ബിസിനസ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയ ഇയാൾ പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടുകയും ബൂത്ത് തല തന്ത്രങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് സന്ദർശകൻ ധരിച്ചിരുന്ന കണ്ണടയിൽ സംശയം തോന്നിയത്.

തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ വ്യവസായി ഇതേ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നതായി വിവരം ലഭിച്ചത്. എന്നാൽ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ സന്ദർശിച്ചപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളെ കെണിയിലാക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഗൂഢാലോചനയാണിതെന്നും നേതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.