കേന്ദ്രത്തിൽ ഉന്നതതല അഴിച്ചുപണി; മൻദീപ് കെ. ഭണ്ഡാരി പുതിയ സിബിഎസ്ഇ ചെയർമാൻ
കേന്ദ്ര സർക്കാരിൽ ഉന്നതതല അഴിച്ചുപണി. 2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മൻദീപ് കെ. ഭണ്ഡാരിയെ പുതിയ സിബിഎസ്ഇ ചെയർമാനായി നിയമിച്ചു. നിലവിൽ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
ഭണ്ഡാരിയുടെ നിയമനത്തിന് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി നടപ്പാക്കിയ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ നിയമനം.
സാങ്കേതിക തകരാറുകൾ ഉൾപ്പെടെയുള്ള പരാതികളെ തുടർന്ന് സംവിധാനവുമായി ബന്ധപ്പെട്ട നടപടികളിൽ സിബിഎസ്ഇ അന്വേഷണം ആരംഭിച്ചിരുന്നു. ജൂൺ രണ്ടിന് അന്നത്തെ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ മാറ്റിയതിന് പിന്നാലെ പ്രശാന്ത് ലോഖണ്ഡെയെ പുതിയ ചെയർമാനായി നിയമിച്ചിരുന്നു.
