കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

  1. Home
  2. National

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

hijab


കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന ഹിജാബ് നിരോധനം സിദ്ധരാമയ്യ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. ഇത് സംബന്ധിച്ച പുതിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2022-ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

2022-ൽ ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് യൂണിഫോം നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ബിജെപി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെക്കുകയും ഹിജാബ് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

ഭരണത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും ഹിജാബ് നിരോധനം പിൻവലിക്കാത്തതിനെതിരെ മുസ്‌ലിം വിഭാഗത്തിനിടയിൽ കനത്ത പ്രതിഷേധം നിലനിന്നിരുന്നു. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവിൽ വലിയ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. സർക്കാരിന്റെ പുതിയ നിലപാട് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.