വീണ്ടും ദുരഭിമാനക്കൊല; മകളെ കൊലപ്പെടുത്തി മുഖത്ത് ആസിഡൊഴിച്ച് പിതാവ്; ക്രൂരത ഉത്തർപ്രദേശിൽ
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിൽ പതിനാറുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിൽ കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പോലീസ് ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചിരുന്നു. യുവാവിനെ പോക്സോ നിയമപ്രകാരം ജയിലിലടച്ചെങ്കിലും നവംബറിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ഇരുവരും വീണ്ടും ബന്ധം തുടർന്നു. ഇത് കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ഈ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. മകളുടെ പ്രണയം കാരണം വിജയകുമാർ പലതവണ വീട് മാറി താമസിച്ചിരുന്നു.
മകൾ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സുഹൃത്തായ അബ്ദുൽ മന്നാനുമായി ചേർന്ന് വിജയകുമാർ കൊലപാതകം ആസൂത്രണം ചെയ്തു. ഏപ്രിൽ 13-ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മകളെയും കൂട്ടി രാജസ്ഥാനിലേക്ക് കാറിൽ യാത്ര പോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡൊഴിച്ചു. മൃതദേഹം കനാലിൽ തള്ളാൻ ശ്രമിച്ചെങ്കിലും റോഡിലെ തിരക്ക് കാരണം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തിരികെയെത്തിയ പിതാവ് മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി അഭിനയിച്ചെങ്കിലും ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിതാവ് പിടിയിലാവുകയായിരുന്നു.
