കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇസ്മയിൽ ഹനിയ്യയെ കണ്ടു; അനുഭവം വിവരിച്ച് നിതിൻ ഗഡ്കരി
ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹത്തെ കണ്ടുമുട്ടിയ അനുഭവം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടെഹ്‌റാനിൽ വെച്ച് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് ഗഡ്കരി ഇറാനിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ടെഹ്‌റാനിലെ ഹോട്ടലിൽ നടന്ന ചായ സൽക്കാരത്തിനിടെയാണ് ഹനിയ്യയെ കണ്ടതെന്ന് ഗഡ്കരി പറഞ്ഞു. വിവിധ രാഷ്ട്രത്തലവൻമാർക്കൊപ്പം ഹനിയ്യയും അവിടെ ഉണ്ടായിരുന്നു. പിന്നീട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നത് കണ്ടതായും മന്ത്രി ഓർമ്മിച്ചു.
ചടങ്ങ് കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുമ്പോൾ പുലർച്ചെ നാല് മണിയോടെ ഇന്ത്യൻ അംബാസഡർ എത്തി ഉടൻ മടങ്ങണമെന്ന് അറിയിക്കുകയായിരുന്നു. ഹമാസ് തലവൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നും ഗഡ്കരി പറഞ്ഞു. ഹനിയ്യ താമസിച്ചിരുന്ന അതീവ സുരക്ഷാ സൈനിക സമുച്ചയത്തിൽ വെച്ച് ജൂലൈ 31-ന് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ഹനിയ്യയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.
കൊലപാതകം എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ വഴിയാണെന്നും സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചാണെന്നും ഉള്ള വിവിധ വാദങ്ങൾ അദ്ദേഹം പരാമർശിച്ചു. ഇറാനിലെ ചാരന്മാരെ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചാണ് മൊസാദ് ഈ കൊലപാതകം നടത്തിയതെന്നാണ് ഇസ്രായേൽ അധികൃതർ അവകാശപ്പെടുന്നത്.
