ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഐഎസ്ആര്‍ഒ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും

  1. Home
  2. National

ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഐഎസ്ആര്‍ഒ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും

isro


ചരിത്രമുഹൂർത്തത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ഇന്ന് വിക്ഷേപിക്കും. സ്‌പാഡെക്സ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍, പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ‌ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെയാവും ഐഎസ്ആര്‍ഒ ഒന്നാക്കുക?. വിക്ഷേപണത്തിന് മുന്നോടിയായി സ്പാഡെക്സ് ദൗത്യത്തിന്‍റെ സാംപിള്‍ ആനിമേഷൻ വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും വീഡിയോയില്‍ കാണാം. 

ഇരു കൃത്രിമ ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് ചെയ്യിക്കുക. ഈ ദൗത്യം പൂര്‍ത്തിയാവാന്‍ 66 ദിവസമെടുക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.15നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്‌പാഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്.