‘ബിജെപിയുമായോ ആർഎസ്എസുമായോ ബന്ധമില്ല’; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ
2011-12 കാലഘട്ടത്തിലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം തള്ളി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ താഴെയിറക്കുകയായിരുന്നു പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന സോണിയയുടെ പരാമർശത്തോടാണ് ഹസാരെ വിയോജിച്ചത്. ബിജെപിയുമായോ ആർഎസ്എസുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവരുടെ പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും വ്യക്തമാക്കിയ ഹസാരെ, തന്റെ പ്രക്ഷോഭം കാരണമാണ് മൻമോഹൻ സിങ് സർക്കാർ പരാജയപ്പെട്ടതെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും, തങ്ങൾ പരസ്പരം കണ്ടിട്ടുപോലുമില്ലെന്ന് അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
ബിജെപിയും ആർഎസ്എസും രഹസ്യമായി സംഘടിപ്പിച്ചതാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' പ്രക്ഷോഭമെന്നും അന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സോണിയ ഗാന്ധി തന്റെ ഓർമക്കുറിപ്പിൽ ആരോപിച്ചിരുന്നത്.
