ഡൽഹി സർക്കാർ സ്‌കൂളുകളിൽ ഇനി ആഴ്ചയിൽ ഒരിക്കൽ ഇഡ്ഡലിയും സാമ്പാറും
ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ ആഴ്ചയിൽ ഒരിക്കൽ വിദ്യാർഥികൾക്ക് ഇഡ്ഡലിയും സാമ്പാറും നൽകും. ആഗസ്റ്റ് 24നകം പുതിയ മെനു നടപ്പാക്കണമെന്ന് സ്കൂളുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും ഡയറക്ടറേറ്റ് നിർദ്ദേശം നൽകി.
നിലവിലുള്ള വിഭവങ്ങൾക്ക് പകരം കൂടുതൽ വൈവിധ്യമാർന്നതും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് ആറുദിവസത്തെ മെനു പുതുക്കിയത്. റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹൽവയും കടലമസാലയും ഉൾപ്പെടുത്തി. ഗോതമ്പ് നുറുക്കിന് പകരം മണിച്ചോളവും ബജ്‌റയും നൽകും.
മറ്റ് വിഭവങ്ങൾ ഉടൻ നൽകിത്തുടങ്ങുമെങ്കിലും ഇഡ്ഡലിയും സാമ്പാറും തയ്യാറാക്കാൻ പ്രത്യേക ഉപകരണങ്ങളും ആവിയിൽ വേവിക്കാനുള്ള സൗകര്യങ്ങളും ആവശ്യമായതിനാൽ ഭക്ഷണ വിതരണ ഏജൻസികൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് 24നകം എല്ലാ സ്‌കൂളുകളിലും ഇഡ്ഡലിയും സാമ്പാറും നൽകിത്തുടങ്ങണമെന്നാണ് നിർദേശം.
ഭക്ഷണം തയ്യാറാക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പോഷകാഹാര നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. മെനു നടപ്പാക്കുന്നത് നിരീക്ഷിക്കാൻ മേഖലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി.
