നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്നുപറയണം; സ്ത്രീകളോട് കെജ്രിവാൾ

  1. Home
  2. National

നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്നുപറയണം; സ്ത്രീകളോട് കെജ്രിവാൾ

Kejriwal


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്ന് പറയണമെന്ന് സ്ത്രീകളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ടൗൺഹാളിൽ 'മഹിളാ സമ്മാൻ സമാരോഹ്' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സ്ത്രീകൾക്ക് ആയിരം രൂപ പ്രതിമാസം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

തന്നെയും ആംആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യംചെയ്യാൻ ആവശ്യപ്പെടണമെന്നും കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂവെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ വൈദ്യുതിയും ബസ് യാത്രയും സൗജന്യമാക്കി, ഇപ്പോൾ സ്ത്രീകൾക്ക് 1000 രൂപ മാസം തോറും നൽകുന്നു. ബിജെപി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്നും കെജ്രിവാൾ ചോദിച്ചു.

2024-25 ലെ ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന' പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്നു. പദ്ധതി യഥാർത്ഥ ശാക്തീകരണം കൊണ്ടുവരുമെന്നും കെജ്രിവാൾ പറഞ്ഞു.