ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ 'ഇന്ത്യ' സഖ്യം; രാഷ്ട്രപതിക്ക് നിവേദനം നൽകി
വോട്ടർ പട്ടികയിലെ എസ്.ഐ.ആർ (SIR) നടപടികളിൽ ക്രമക്കേട് ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും സമരം ശക്തമാക്കാൻ പ്രതിപക്ഷ 'ഇന്ത്യ' സഖ്യം. തിങ്കളാഴ്ച മുതൽ രാജ്യതലസ്ഥാനത്ത് സമരം തുടരുമെന്ന് അറിയിച്ച നേതാക്കൾ, ഡൽഹിക്ക് പുറത്തുള്ള എം.പിമാരോട് ഞായറാഴ്ചയോടെ തിരിച്ചെത്താൻ നിർദേശം നൽകി. ഇതിനിടെ, വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്ത വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം സമർപ്പിച്ചു.
മോദിയും അമിത് ഷായും ചേർന്ന് കോടിക്കണക്കിന് ആളുകളുടെ വോട്ട് അവകാശം ഇല്ലാതാക്കി ജനാധിപത്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, വോട്ട് കൊള്ളയുടെ തെളിവുകൾ രാഷ്ട്രപതിക്ക് കൈമാറിയതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നതിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് തടഞ്ഞിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
