അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ പുനരാരംഭിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നടപടി. ജൂലൈ 24 മുതൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓൺലൈൻ വഴി വിസ അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം, വെബ് ലിങ്ക് വഴി അപ്പോയിന്റ്‌മെന്റ് എടുത്ത് പാസ്പോർട്ടും മറ്റു രേഖകളുമായി ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.
2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങളെ തുടർന്ന് 22,000 ഇന്ത്യൻ വിദ്യാർത്ഥികളെ ചൈന രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തിവെച്ചത്.
സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അയവ് വന്നിട്ടുണ്ട്. ഈ വർഷം ആദ്യം ഡെപാസാങ്, ഡെംചോക്ക് അതിർത്തികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. കൂടാതെ, ഡൽഹിയിൽ നിന്ന് ചൈനയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും ധാരണയായി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ചൈന സന്ദർശിച്ചതിന് ശേഷമാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. കൈലാസ പർവതം, മാനസ സരോവർ തീർഥാടനം പുനരാരംഭിക്കാനും തീരുമാനമായി. ഷാങ്ഹായ് കോർപ്പറേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ പ്രസാദും ചൈന സന്ദർശിച്ചിരുന്നു.
