ആക്രമണത്തിൽ ഇന്ത്യക്കാർ മരിച്ച സംഭവം: യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ
ഗൾഫ് മേഖലയിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഒമാൻ തീരത്ത് യു.എസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഡൽഹിയിലെ യു.എസ് പ്രതിനിധിയെ (സി.ഡി.എ.) വിളിച്ചുവരുത്തി രാജ്യം ശക്തമായ പ്രതിഷേധം അറിയിച്ചു.
പശ്ചിമേഷ്യയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ നാവികർ ഉൾപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ നാവികസമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്. മേഖലയിലെ നിലവിലുള്ള സംഘർഷങ്ങളുടെ നേരിട്ടുള്ള അനന്തരഫലമാണ് ഈ ആക്രമണങ്ങളെന്നും, സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ജൂൺ എട്ട് മുതൽ മാത്രം ഇന്ത്യൻ നാവികരുള്ള മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിപ്പിങ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൽ അറിയിച്ചു. നിലവിൽ ഹോർമുസ് കടലിടുക്കിൽ 562 ഇന്ത്യൻ നാവികരും, ഇന്ത്യൻ പതാകയേന്തിയ 13 കപ്പലുകളുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
