ഇന്ത്യ-ചൈന അതിര്‍ത്തി തർക്കം; ശുഭസൂചന , കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക പുരോഗതിയായി കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം. ദെപ്സാംഗ് ദംചോക്ക് മേഖലകളില്‍ നിന്ന് ഇരുസേനകളും അടുത്ത ബുധനാഴ്ചയോടെ പിന്മാറുമെന്ന് കരസേന അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മേഖലകള്‍ക്ക് തീരുമാനം ബാധകമല്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
നാല് വര്‍ഷമായി തുടരുന്ന അനിശ്ചത്വത്തിലാണ് ആശ്വാസമാകുന്നത്. കിഴക്കന്‍ ലഡാക്കിലെ ദെപ്സാംഗ്, ദംചോക്ക് മേഖലകളില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇരു സേനകളും നിര്‍മ്മിച്ച താല്‍ക്കാലിക ടെൻഡറുകളടക്കം പൊളിച്ചു മാറ്റും. സംഘര്‍ഷം തുടങ്ങിയ 2020 ഏപ്രിലിന് മുന്‍പുള്ള സാഹചര്യം എങ്ങനെയായിരുന്നോ സമാന രീതിയിലേക്ക് മടങ്ങും. സേനകള്‍ പിന്മാറുമെങ്കിലും നിരീക്ഷണം തുടരും, പരസ്പരം അറിയിച്ചുള്ള പട്രോളിംഗിനും ധാരണയായിട്ടുണ്ട്. പുരോഗതി പരിശോധിച്ചാകും മറ്റ് മേഖലകളിലെ തീരുമാനം, അതിനാല്‍ നിലവിലെ ധാരണ മറ്റ് മേഖലകള്‍ക്ക് ബാധകമാകില്ല.