ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ കഴിഞ്ഞ വർഷം മീസിൽസ് വാക്‌സിനെടുത്തിട്ടില്ല; ലോകാരോഗ്യസംഘടന

  1. Home
  2. National

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ കഴിഞ്ഞ വർഷം മീസിൽസ് വാക്‌സിനെടുത്തിട്ടില്ല; ലോകാരോഗ്യസംഘടന

vaccine


ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സി.ഡിസി.(US Centers for Disease Control and Prevention )-യുടേയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. തുടർന്നാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കാണ് കുത്തിവെപ്പ് കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയേക്കൂടാതെ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്താൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡഗാസ്‌കർ തുടങ്ങിയ രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പുറകിലാണ്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളിൽ ഒന്നുമായിരുന്നു ഇന്ത്യ. ആഗോളതലത്തിൽ 33ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്‌സിൻ നഷ്ടമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 22 ദശലക്ഷത്തോളം പേർക്ക് ഒന്നാംഘട്ട ഡോസും 11 ദശലക്ഷം പേർക്ക് രണ്ടാംഡോസും നഷ്ടമായെന്ന് റിപ്പോർട്ടിലുണ്ട്. മീസിൽസ് മൂലമുള്ള മരണവും രോഗവ്യാപനവും തടയാൻ വാക്‌സിനേഷൻ പരിപാടികൾ ശക്തമാക്കമെന്ന് സി.ഡി.സി.യുടെ ആഗോള പ്രതിരോധകുത്തിവെപ്പ് വിഭാഗത്തിന്റെ ഡയറക്ടറായ ഡോൺ വെർട്ഫ്യുയ്‌ലെ പറഞ്ഞു.