വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകണമെന്ന് കോടതി; ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാർഡ് വഴിയോ അത് ചെയ്യണം

  1. Home
  2. National

വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകണമെന്ന് കോടതി; ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാർഡ് വഴിയോ അത് ചെയ്യണം

court


വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകേണ്ടതാണെന്ന് സുപ്രീം കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ ഭാര്യയ്ക്കും പങ്കാളിത്തം വേണം. ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാർഡ് വഴിയോ അത് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

'വരുമാന സ്രോതസ്സുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ അവർ സാമ്പത്തികമായി സുരക്ഷിതത്വം അനുഭവിക്കുകയും ഭർത്താവിനെയും ഭർത്താവിന്റെ കുടുംബത്തേയും പൂർണമായി ആശ്രയിക്കാതിരിക്കുകയും ചെയ്യാം. എന്നാൽ 'വീട്ടമ്മ'യെന്ന് വിശേഷിക്കപ്പെടുന്ന, സ്വന്തമായി വരുമാനമാർഗ്ഗമില്ലാത്ത, ഭർത്താവിനെയും കുടുംബത്തെയും സാമ്പത്തികമായി ആശ്രയിക്കുന്ന ഒരു വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്താണ്?

ഇന്ത്യയിലെ വിവാഹിതരായ മിക്ക പുരുഷന്മാരും വീട്ടമ്മമാരായ അവരുടെ ഭാര്യമാർ അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ മനസ്സിലാക്കുന്നില്ല. ചെലവുകൾ നടത്താനുള്ള പണത്തിനായി വീട്ടമ്മമാർ നടത്തുന്ന ഏതൊരു അഭ്യർഥനയും ഭർത്താവും അയാളുടെ കുടുംബവും നിരസിച്ചേക്കാം. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയെ കുറിച്ച് ചില ഭത്താക്കന്മാർ ബോധവാന്മാരല്ല.' കോടതി നിരീക്ഷിച്ചു.

'ഒരു വിവാഹിതനായ പുരുഷൻ വരുമാന മാർഗമില്ലാത്ത തന്റെ ഭാര്യയെ സാമ്പത്തികമായി ശാക്തീകരിക്കണം. അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സാമ്പത്തിക സ്രോതസ്സുകൾ ലഭ്യമാക്കേണ്ടതുണ്ടെന്ന വസ്തുതയെക്കുറിച്ച് ബോധവാനുമായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭർത്താവിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ പങ്കാളിത്തം നൽകണം. അത്തരത്തിലുള്ള സാമ്പത്തിക ശാക്തീകരണം ദുർബലയായ ഭാര്യയെ കുടുംബത്തിൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കും.

ഇതിനെ കുറിച്ച് അറിവുള്ള വിവാഹിതരായ പുരുഷൻമാർ ഗാർഹിക ചെലവുകൾക്ക് പുറമെ ഭാര്യമാരുടെ വ്യക്തിഗത ചെലവുകൾക്കായി ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ അല്ലെങ്കിൽ എടിഎം കാർഡ് വഴിയോ ഭർത്താക്കൻമാരുടെ സാമ്പത്തിക സ്രോതസ്സുകൾ ലഭ്യമാക്കുന്നത് അംഗീകരിക്കേണ്ടതാണ്' - കോടതി പറഞ്ഞു.