ഇന്ത്യ-പാകിസ്താൻ ചർച്ച:ഡിജിഎംഒ തലത്തിലല്ലാതെ ഇടപെടൽ നടന്നിട്ടില്ല എന്ന് കേന്ദ്ര സർക്കാർ
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഡിജിഎംഒ തലത്തിലല്ലാതെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം.ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ അറിയിച്ചു.
ഭീകരതക്കെതിരായ പോരാട്ടത്തിൽ തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് ഒഴികെ മറ്റെല്ലാം രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചുവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നതിന് പിന്നാലെ അതിന് വഴിവെച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ ഈ വാദത്തെ തള്ളിക്കളഞ്ഞിരുന്നു
