ഇൻഡിഗോ പ്രതിസന്ധി: യാത്ര മുടങ്ങിയവർക്ക് 10,000 രൂപയുടെ വൗച്ചർ
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരമായി 10,000 രൂപയുടെ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ വിമാനക്കമ്പനി പ്രഖ്യാപിച്ചു. ഡിസംബർ 3, 4, 5 തീയതികളിൽ യാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ വൗച്ചറിന് ഒരു വർഷമായിരിക്കും കാലാവധി. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ 5,000 മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്ന സിവിൽ ഏവിയേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെയാണിത്.
അതേസമയം, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടിവന്നു. പ്രതിസന്ധി രൂക്ഷമായ ശേഷവും കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ മറ്റ് വിമാനക്കമ്പനികൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും, 35,000 രൂപ മുതൽ 39,000 രൂപവരെ ടിക്കറ്റ് നിരക്ക് എങ്ങനെയാണ് ഉയർന്നതെന്നും കോടതി ചോദ്യം ചെയ്തു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി അറിയിച്ചിരുന്നു.
