ബി.എൽ.ഒ.മാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല; സംസ്ഥാനങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ഇടപെടാമെന്ന് സുപ്രീം കോടതി
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) മേൽ സമ്മർദ്ദം ചെലുത്തുന്ന വിഷയത്തിൽ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചു. ബി.എൽ.ഒ.മാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പതിയണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.എൽ.ഒ.മാർ ഭീഷണി നേരിടുന്നു എന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിൽ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണമില്ലായ്മ ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങൾ അരാജകത്വത്തിന് വഴിവയ്ക്കും എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
എസ്.ഐ.ആർ. നടപടികളിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കാതിരിക്കുകയോ ബി.എൽ.ഒ.മാരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ, കോടതിയെ അറിയിക്കണം. വിഷയത്തിൽ ആവശ്യമായ ഉത്തരവുകൾ നൽകാൻ സുപ്രീം കോടതി തയ്യാറാണെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന പോലീസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയിൽ കൊണ്ടുവരാൻ കഴിയുന്നതെങ്ങനെയെന്ന് കോടതി നിരീക്ഷിച്ചു. സ്ഥിതി വഷളായാൽ പോലീസിന്റെ നിയന്ത്രണം കമ്മീഷന് നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകന്റെ ആവശ്യത്തോടായിരുന്നു കോടതിയുടെ ഈ പ്രതികരണം. കൂടാതെ, ബി.എൽ.ഒ.മാർക്ക് ജോലിഭാരമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത് ഡെസ്ക് ജോലിയല്ലെന്നും നാട്ടിലിറങ്ങി ചെയ്യേണ്ട ജോലിയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
ജോലിഭാരം കൂടുതലുണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സർക്കാരുകൾക്ക് നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ കമ്മിഷന്റെ ഡെപ്യൂട്ടേഷനു കീഴിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സനാതനി സംഗദ് എന്ന സംഘടന സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. എസ്.ഐ.ആർ. പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കുന്നതിന് ബദൽ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പശ്ചിമ ബംഗാളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
