ഐഒഎ തിരഞ്ഞെടുപ്പ് വിവാദം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ തേടി പി.ടി. ഉഷ

  1. Home
  2. National

ഐഒഎ തിരഞ്ഞെടുപ്പ് വിവാദം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ തേടി പി.ടി. ഉഷ

PT USHA


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ച് പി.ടി. ഉഷ. സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സ്വതന്ത്രമായി അന്വേഷിക്കണം എന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വ്യാപകമായ പെരുമാറ്റച്ചട്ട ലംഘനങ്ങൾ നടന്നെന്നും തനിക്കെതിരെ സംഘടിത പ്രചാരണം ഉണ്ടായെന്നും ഉഷ കത്തിൽ ആരോപിക്കുന്നു. ഇലക്ടറൽ കോളജ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടന്നതായും തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുണ്ടായെന്ന സംശയമുള്ളതായും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് പരാജയം നേരിട്ടിരുന്നു. നാല് വനിതാ സ്‌പോർട്‌സ്‌പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ അഞ്ജു ബോബി ജോർജ്, ധോല ബാനർജി, സൈന നെഹ്വാൾ, റാണി എന്നിവർ വിജയിച്ചു.

ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഐഒഎ ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനായിരുന്നു ഉഷയുടെ നീക്കം. എന്നാൽ എസ്ഒഎം വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ പരാജയം ഇതിന് തിരിച്ചടിയായി. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ഐഒഎയിലെ നേതൃത്വമാറ്റവും ഏറെ ശ്രദ്ധേയമാണ്.