പുതിയ IRCTC വെബ്‌സൈറ്റ് ജൂലൈയില്‍
രാജ്യത്തെ കോടിക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ഐആര്‍സിടിസി വെബ്‌സൈറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ 15നകം പുതിയ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ നേരിടുന്ന ലോഡിങ് പ്രശ്‌നം, സെര്‍വര്‍ തകരാര്‍, ക്യാപ്ച പ്രശ്‌നങ്ങള്‍, തത്കാല്‍ ബുക്കിങ്ങിനിടെയുള്ള തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ വെബ്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം അതിന്റെ വേഗതയാണ്. നിലവില്‍ മിനിറ്റില്‍ ഏകദേശം 32,000 ടിക്കറ്റ് ബുക്കിങ്ങുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിന് പകരമായി പുതിയ പ്ലാറ്റ്‌ഫോം മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ബുക്കിങ്ങുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും. ഉത്സവ സീസണുകളിലും തത്കാല്‍ ബുക്കിങ് സമയങ്ങളിലുമുള്ള തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നിരവധി ഫീച്ചറുകളും പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും. സ്വന്തം സീറ്റ് മുന്‍ഗണന തിരഞ്ഞെടുക്കാന്‍ കഴിയുന്ന സംവിധാനം, വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യാന്‍ കഴിയുന്ന 'ഫെയര്‍ കലണ്ടര്‍', വിവിധ ഭാഷകളിലുള്ള ഉപയോഗ സൗകര്യം എന്നിവ ഉള്‍പ്പെടും. വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കുള്ള പ്രത്യേക സേവനങ്ങളും ഏകീകൃത സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.
ടിക്കറ്റ് ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുന്നതിലും വലിയ പുരോഗതി ഉണ്ടാകുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഏകദേശം 88 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. അതിനാല്‍ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രക്കാര്‍ ഏറെ നാളായി നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
