അർബുദം ബാധിച്ചു; സ്ഥിരീകരിച്ചത് ആദിത്യ എൽ-1 വിക്ഷേപണദിനത്തിലെന്ന് ഇസ്രോ മേധാവി സോമനാഥ്
അർബുദബാധിതനായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അർബുദം സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധ കണ്ടെത്തിയത്
ചന്ദ്രയാൻ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു. 'അർബുദബാധ കണ്ടെത്തിയതിനെ തുടർപരിശോധനകൾക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അഞ്ചാം ദിനം മുതൽ ജോലിയിലേക്ക് പ്രവേശിച്ചു.
കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഇപ്പോൾ പൂർണമായി രോഗത്തിൽ നിന്ന് മുക്തി നേടി. എന്റെ ജോലികൾ തുടരുകയാണ്.എങ്കിലും പരിശോധനകൾ തുടരുന്നുണ്ട്- അദ്ദേഹം പറഞ്ഞു.