ഹൈദരാബാദിൽ ആറാം നിലയിൽ നിന്ന് കുഞ്ഞുമായി ചാടിയ ഐടി ജീവനക്കാരി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു
ഹൈദരാബാദിൽ ആറുമാസം പ്രായമുള്ള കുഞ്ഞുമായി അപ്പാർട്ട്‌മെന്റിന്റെ ആറാം നിലയിൽ നിന്ന് ചാടിയ ഐടി ജീവനക്കാരി മരിച്ചു. മിയാപൂർ മേഖലയിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു (37) ആണ് മരണപ്പെട്ടത്. എന്നാൽ അമ്മയുടെ കൈകളിലിരുന്ന ആറുമാസം പ്രായമുള്ള മകൾ വാണി അത്ഭുതകരമായി രക്ഷപ്പെട്ടു.
കെട്ടിടത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതിനിടയിൽ കുഞ്ഞ് അമ്മയുടെ കൈകളിൽ നിന്ന് വഴുതി സമീപത്തെ സുരക്ഷാ വേലിയിലേക്ക് വീണതാണ് വലിയ ആഘാതം കുറച്ചത്. തുടർന്ന് നിലത്തുവീണ കുഞ്ഞിനെ ഉടൻ തന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇഷ ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ പ്രസവത്തിന് ശേഷം ഇഷ കടുത്ത ഉറക്കക്കുറവും ഉത്കണ്ഠയും പ്രസവാനന്തര മാനസിക വിഷമതകളും അനുഭവിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മിയാപൂർ പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണ്.
