തമിഴ്നാട്ടിൽ വീണ്ടും ജയിൽചാട്ടം; കോയമ്പത്തൂരിൽ തടവുകാരൻ രക്ഷപ്പെട്ടു, പ്രതിക്കായി തിരച്ചിൽ
തമിഴ്‌നാട്ടിൽ തേനി ജയിൽചാട്ട സംഭവത്തിന് പിന്നാലെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി. ഈറോഡ് ഭവാനി സ്വദേശിയായ രാഘവനാണ് ജയിൽ അധികൃതരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും തപ്പിയോടുന്നത്. പ്രതിക്കായി കോയമ്പത്തൂർ സിറ്റിയുടെയും റൂറൽ പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ച ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എൻ. രാമലിംഗത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഇതുവരെ 17 ജയിൽ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ വിഷയത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മുഴുവൻ ജയിലുകളിലും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അടിയന്തര നിർദ്ദേശം നൽകി. തേനി സംഭവത്തിൽ രക്ഷപ്പെട്ട 17 തടവുകാരെയും പിന്നീട് പോലീസ് പിടികൂടി അതീവ സുരക്ഷയുള്ള ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജയിൽ ഭരണനിർവ്വഹണത്തിലും നിരീക്ഷണത്തിലും വീഴ്ചവരുത്തിയതിനാണ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
