ശ്രീനഗറിൽ ഭിക്ഷാടനം നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ
ശ്രീനഗറിൽ ഭിക്ഷാടനത്തിന് വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ സർക്കാർ. നഗരത്തിൽ ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.കേന്ദ്ര സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയായ സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് ആൻഡ് എൻ്ർപ്രൈസിന്റെ (SMILE) പദ്ധതിയുടെ ഭാഗമായാണ് നടപടി. സംസ്ഥാന സാമൂഹികനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.ഭിക്ഷാടകരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്നും, പൊതുവിടങ്ങളിൽ ഭിക്ഷാടകർക്ക് പണം നൽകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജില്ലയിലുടനീളം ഇതുസംബന്ധിച്ച ബോധവത്കരണ അറിയിപ്പുകളും നൽകും.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ശ്രീനഗറിൽ ആയിരത്തിലധികം പേർ ഭിക്ഷാടനത്തിൽ ഏർപ്പെട്ടതായി ജില്ലാ ഭരണകൂടം കണക്കാക്കുന്നു. ഇവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നും അധികൃതർ പറയുന്നു.ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരെ പ്രായവും സാഹചര്യവും പരിഗണിച്ച് വൃദ്ധസദനങ്ങൾ, ഷെൽട്ടർ ഹോമുകൾ, ജുവനൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കും. കുട്ടികൾക്ക് കൗൺസിലിംഗ്, വിദ്യാഭ്യാസ സഹായം തുടങ്ങിയ പിന്തുണയും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
