ജാമുയി സംഭവം: പ്രധാനപ്രതി നന്ദൻ യാദവിനെ വെടിവെച്ച് വീഴ്ത്തി ബിഹാർ പോലീസ്; ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

  1. Home
  2. National

ജാമുയി സംഭവം: പ്രധാനപ്രതി നന്ദൻ യാദവിനെ വെടിവെച്ച് വീഴ്ത്തി ബിഹാർ പോലീസ്; ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

jamui


ബിഹാറിലെ ജാമുയി ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ആൺകുട്ടിയെ മർദ്ദിക്കുകയും പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലെ പ്രധാനപ്രതി നന്ദൻ യാദവ് പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന നന്ദൻ യാദവിനെയും മറ്റൊരു പ്രതിയായ ഹരേറാം യാദവിനെയും ചൊവ്വാഴ്ചയാണ് പോലീസ് വെടിവെച്ച് വീഴ്ത്തി കസ്റ്റഡിയിലെടുത്തത്. ഏറ്റുമുട്ടലിൽ ഇരുവർക്കും കാലിന് വെടിയേറ്റിട്ടുണ്ട്.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് വിനോദസഞ്ചാര കേന്ദ്രമായ മദ്വ പഹാഡ് സന്ദർശിച്ചു മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെയാണ് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തിയത്. ഇരുവരുടെയും സ്കൂട്ടർ തടഞ്ഞുനിർത്തി ആൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷവും രാഷ്ട്രീയ വിവാദവുമാണ് ഉയർന്നുവന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സംഭവത്തെ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്. തുടക്കത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രധാനപ്രതികളെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.