'ജനനായകൻ' റിലീസ് വൈകുന്നു; ഇടപെട്ട് മുഖ്യമന്ത്രി വിജയ്, നിർമാതാവിനോട് ഉടൻ മടങ്ങിയെത്താൻ നിർദേശം

  1. Home
  2. National

'ജനനായകൻ' റിലീസ് വൈകുന്നു; ഇടപെട്ട് മുഖ്യമന്ത്രി വിജയ്, നിർമാതാവിനോട് ഉടൻ മടങ്ങിയെത്താൻ നിർദേശം

vijay


തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജനനായകന്റെ' റിലീസ് അനിശ്ചിതത്വത്തിലായതോടെ വിഷയത്തിൽ നേരിട്ട് ഇടപെട്ട് വിജയ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ ചിത്രത്തിന്റെ നിർമ്മാതാവ് കെ.വി.എൻ പ്രൊഡക്ഷൻസിലെ വെങ്കട്ട് കെ. നാരായണയോട് ഉടൻ ചെന്നൈയിൽ തിരിച്ചെത്താൻ വിജയ് നിർദേശം നൽകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റിലീസുമായി ബന്ധപ്പെട്ട അന്തിമ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.

തിരഞ്ഞെടുപ്പിന് മുൻപ് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡിന്റെ കർശനമായ ഇടപെടലുകളെ തുടർന്നാണ് വൈകിയത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം വിജയ് അഭിനയിച്ച അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഏകദേശം 500 കോടി രൂപ ചിലവിൽ ഒരുങ്ങിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് വൈകിയത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതും കനത്ത തിരിച്ചടിയായി.

രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന 'ജനനായകന്റെ' ഉള്ളടക്കം തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുമെന്ന ഉദ്യോഗസ്ഥരുടെ ആശങ്കയാണ് ചിത്രം വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെൻസർ ബോർഡ് പരിശോധനകൾ ബോധപൂർവ്വം മന്ദഗതിയിലാക്കിയെന്നും ആരോപണമുണ്ട്. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിജയിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.