ജന്തർ മന്തർ പ്രതിഷേധം: സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം അനുവദിച്ചു
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം. പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ കസ്റ്റഡി ഇല്ലെങ്കിൽ ഇരുവരെയും ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
എട്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് സി.ജെ.പി നേതാക്കൾക്ക് കോടതി ആശ്വാസം നൽകുന്നത്. ഇരുവരുടെയും കസ്റ്റഡി നീട്ടി നൽകണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 14-ന് നടന്ന പ്രകടനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങളും വിലക്കുകളും ലംഘിച്ച് ജന്തർ മന്തറിൽ പ്രവേശിച്ചെന്നാരോപിച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
