ജന്തർ മന്തറിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും എഫ്.ഐ.ആർ; ഡൽഹി പോലീസ് മൂന്ന് കേസുകൾ കൂടി എടുത്തു
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് വീണ്ടും കേസെടുത്തു. പോലീസിനെ കയ്യേറ്റം ചെയ്തെന്നും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇരുവർക്കുമെതിരെ മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. അതിനിടെ, പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇൻഡ്യ സഖ്യത്തിലെ പത്ത് പ്രമുഖ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചേക്കും.
പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് ഡൽഹിയിലും ജന്തർ മന്തർ പരിസരത്തും കനത്ത സുരക്ഷയും വൻ സേനാവിന്യാസവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ പോലീസ് അടിച്ചമർത്തലിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും ബെംഗളൂരുവിലും ഡൽഹിയിലും വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
