‘കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’: ഇന്ത്യ–ദുബായ് മെട്രോ താരതമ്യം ചെയ്ത് ജെറ്റ് എയർവേസ് സിഇഒ

  1. Home
  2. National

‘കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’: ഇന്ത്യ–ദുബായ് മെട്രോ താരതമ്യം ചെയ്ത് ജെറ്റ് എയർവേസ് സിഇഒ

sajeev


ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത് വിമർശിച്ച ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ വൻ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ ‘കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’ മാത്രമാണെന്നായിരുന്നു കപൂറിന്റെ ട്വീറ്റ്. ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യയിലുള്ള ‘നിരാശ’യാണ് സഞ്ജീവ് കപൂർ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചത്.

‘‘ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത... എന്തുകൊണ്ടാണ് നമ്മുടെ ഓവർഗ്രൗണ്ട് / ഓവർഹെഡ് മെട്രോ സ്റ്റേഷനുകൾ ‘കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’വായി മാറിയത്? ദുബായ് മെട്രോയെ ശ്രദ്ധിക്കൂ. 10 വർഷം മുൻപെങ്കിലുമാണ് ദുബായ് സ്റ്റേഷൻ പണിതത്’’ – സഞ്ജീവ് കപൂർ ദുബായ് – ബെംഗളൂരു സ്റ്റേഷനുകളുടെ ചിത്രം ഉൾപ്പെടുത്തിയ ട്വീറ്റിൽ പറഞ്ഞു.

അതേസമയം, സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. സ്വന്തം രാജ്യത്തെ അഭിനന്ദിക്കാത്തവരുടെ പതിവു പ്രതികരണം മാത്രമാണിതെന്നാണു ചിലരുടെ അഭിപ്രായം. രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങൾ വച്ച് തങ്ങളുടെ വാദം ബലപ്പെടുത്താനുള്ള ശ്രമവും പല ട്വിറ്റർ ഉപഭോക്താക്കളിൽനിന്നുമുണ്ടായി.

സഞ്ജീവ് കപൂറിനെ പിന്തുണച്ചും ട്വിറ്ററിൽ വാദങ്ങൾ ഉയർന്നിട്ടുണ്ട്. നമ്മുടെ പൊതുവായ സംവിധാനങ്ങൾ ഇക്കോഫ്രണ്ട്‌ലിയോ ചെലവു കുറഞ്ഞതോ അതിമനോഹരമോ അല്ലെന്നും പലതും പെട്ടെന്ന് കയറിച്ചെല്ലാനാകാത്ത വിധത്തിലാണ് പണിതിരിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മെട്രോ സ്റ്റേഷൻ മാത്രമല്ല, പല പൊതുസ്ഥാപനങ്ങളും അങ്ങനെയാണ് നിർമിക്കപ്പെട്ടതെന്നും പറയുന്നു.

മാർച്ച് 25ന് ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ (വൈറ്റ്ഫീൽഡ് – കെആർ പുരം മെട്രോ റൂട്ട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. അതേസമയം, ട്വീറ്റ് കാണാന്‍ കഴിയുന്നവരുടെ എണ്ണം സഞ്ജീവ് കപൂർ പരിമിതപ്പെടുത്തിയിട്ടുണ്ട്.