ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേട്: ചർച്ച പരാജയം; സമരം തുടരാൻ വിദ്യാർഥികൾ

  1. Home
  2. National

ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേട്: ചർച്ച പരാജയം; സമരം തുടരാൻ വിദ്യാർഥികൾ

jharkhand


പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം കൂടുതൽ ശക്തമായി തുടരുമെന്ന് വിദ്യാർഥി സംഘടനകൾ. സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അനിശ്ചിതകാല നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ഗുരുതര ആശങ്ക നിലനിൽക്കെയാണ് സമരം 16-ാം ദിവസത്തിലേക്ക് കടന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചർച്ചകളും ഞായറാഴ്ച നടന്ന നിർണായക കൂടിക്കാഴ്ചയും ധാരണയാകാതെ പിരിയുകയായിരുന്നു. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷന്റെ 2023, 2025 വർഷങ്ങളിലെ പരീക്ഷകളും 14-ാം പ്രിലിമിനറി പരീക്ഷയും റദ്ദാക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കുന്നതിനും ജെ.പി.എസ്.സി, ജെ.എസ്.എസ്.സി എന്നിവയിൽ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു.

എന്നാൽ ഈ ഉറപ്പുകൾ തള്ളിയാണ് വിദ്യാർഥികൾ സമരം തുടരാൻ തീരുമാനിച്ചത്. വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തൊ ഉൾപ്പെടെ ആറുപേരാണ് നിലവിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്നത്. എൻ.എസ്.യു.ഐ, ഝാർഖണ്ഡ് ഛാത്ര മോർച്ച, ആദിവാസി ഛാത്ര സംഘ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.