കമൽ ഹാസൻ രാജ്യസഭാ സ്ഥാനാർഥി
പ്രമുഖ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെയുമായുള്ള ധാരണ പ്രകരമാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക.
രാജ്യസഭയിൽ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 19-നാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളിൽ നാലെണ്ണം ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതിൽ ഒരു സീറ്റിലേക്കാണ് കമൽഹാസൻ എത്തുക. സ്വന്തം പാർട്ടി രൂപീകരിച്ചതിനുശേഷമുള്ള കമൽഹാസൻ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ രാജ്യസഭാ പ്രവേശനം.
രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എൻ ചന്ദ്രശേഖരൻ, എം ഷൺമുഖം, എം മുഹമ്മദ് അബ്ദുള്ള, വി വിൽസൺ, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണിൽ അവസാനിക്കുന്നത്. ഡിഎംകെ മുന്നണിയിൽ രണ്ട് സീറ്റ് ഡിഎംകെയ്ക്കും ഓരോ സീറ്റ് വീതം എംഎൻഎമ്മിനും എംഡിഎംകെയ്ക്കുമാണ് ലഭിക്കുക. 234 അംഗ തമിഴ്നാട് നിയമസഭയിൽ 34 വോട്ടുകളാണ് ഒരു രാജ്യസഭാംഗത്തിന് ജയിക്കാനായി വേണ്ടത്.
