'അക്രമം ഒന്നിനുംഉത്തരമല്ല; വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വേറെ': കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വികും ആലിയയും

  1. Home
  2. National

'അക്രമം ഒന്നിനുംഉത്തരമല്ല; വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വേറെ': കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വികും ആലിയയും

kangana


നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ രംഗത്ത് വരികയുണ്ടായി. അതിനിടെ കങ്കണയുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കിലും നടന്‍ ഹൃത്വിക് റോഷന്‍, ആലിയ ഭട്ട് എന്നിവര്‍ നടിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയായ ഫായേ ഡിസൂസ കങ്കണയ്‌ക്കെതിരേയുണ്ടായ അക്രമത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമിലായിരുന്നു ഡിസൂസയുടെ പ്രതികരണം.

'അക്രമം ഒന്നിനുംഉത്തരമല്ല. പ്രത്യേകിച്ച് ഗാന്ധിയുടെ അഹിംസ എന്ന ആശയത്തില്‍ നിന്നുണ്ടായ രാജ്യമാണ് നമ്മുടേത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പോലും അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്. യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപകടകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ വിമാനത്താവളത്തില്‍ ഭരണകൂടത്തെ അനുകൂലിക്കുന്നവരാല്‍ ആക്രമിക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ'- എന്നതായിരുന്നു ഫായേ ഡീസൂസയുടെ പോസ്റ്റിന്റെ ഉള്ളടക്കം. ഈ പോസ്റ്റിന് ലൈക്ക് അടിച്ചാണ് ഹൃത്വികും ആലിയയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.