ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ; അമേഠിയിലും റായ്ബറേലിയിലും തീരുമാനമായില്ല; പുതിയ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

  1. Home
  2. National

ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ; അമേഠിയിലും റായ്ബറേലിയിലും തീരുമാനമായില്ല; പുതിയ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

kanhaiya-kumar


ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കുമാണ് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കും. ഇവിടെ മനോജ് തിവാരിയാണ് ബിജെപി സ്ഥാനാർഥി. ചാന്ദ്‌നി ചൗക്കിൽ ജെ.പി.അഗർവാളാണ് സ്ഥാനാർഥി. അൽക്ക ലാംബക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഡൽഹി നോർത്ത് വെസ്റ്റിൽ ഉദിത് രാജാണ് കോൺഗ്രസ് സ്ഥാനാർഥി. 2014ൽ ബിജെപി ടിക്കറ്റിൽനിന്നും മത്സരിച്ച ഉദിത് രാജ് ഇവിടെ വിജയിച്ചിരുന്നു.  

പഞ്ചാബിലെ ജലന്ധറിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി മത്സരിക്കും. അമൃത്സറിൽ ഗുർജീത് സിങ് ഔജ്ല, ഫത്തേഗഡ് സാഹിബിൽ അമർ സിങ്, ബട്ടിൻഡയിൽ ജീത് മൊഹീന്ദർ സിങ് സിദ്ധു, സംഗ്രൂരിൽ സുഖ്പാൽ സിങ് ഖൈറ, പാട്യാലയിൽ ധരംവീർ ഗാന്ധി എന്നിവരുമാണ് സ്ഥാനാർഥികൾ. ഉത്തർപ്രദേശിലെ അലഹബാദിൽ ഉജ്ജ്വൽ രേവതി രമൻ സിങ് മത്സരിക്കും. അതേസമയം, പുതിയ പട്ടികയിലും റായ്ബറേലി,അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.