കർണാടക എംഎൽസി തെരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ ജയം; ബിജെപി-ജെഡിഎസ് സഖ്യത്തിന് ക്രോസ് വോട്ടിങ് തിരിച്ചടി

  1. Home
  2. National

കർണാടക എംഎൽസി തെരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ ജയം; ബിജെപി-ജെഡിഎസ് സഖ്യത്തിന് ക്രോസ് വോട്ടിങ് തിരിച്ചടി

karnataka


കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് സീറ്റും നേടി കോൺഗ്രസിന് വൻ വിജയം. അവശേഷിക്കുന്ന രണ്ട് സീറ്റുകൾ ബിജെപി സ്വന്തമാക്കി. എൻഡിഎ സഖ്യത്തിലെ ബിജെപി-ജെഡിഎസ് എംഎൽഎമാർ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കോൺഗ്രസിന് പ്രതീക്ഷിച്ചതിലും വലിയ വിജയം സമ്മാനിച്ചത്.

കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ ഹരിപ്രസാദ്, പി.വി മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നിവരും ബിജെപിയുടെ ലിംഗരാജ് പാട്ടീർ, ആർ.രഘു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 14 വോട്ടുകൾ മാത്രം ലഭിച്ച ജെഡിഎസ് സ്ഥാനാർഥി ഗോവിന്ദരാജു പരാജയപ്പെട്ടു.

224 അംഗ നിയമസഭയിൽ 135 എംഎൽഎമാരുള്ള കോൺഗ്രസ് സ്ഥാനാർഥികൾക്ക് ആകെ 151 വോട്ടുകൾ ലഭിച്ചു. എൻഡിഎ സഖ്യത്തിന് ആകെ 82 എംഎൽഎമാരുണ്ടായിരുന്നിട്ടും വിജയിച്ച രണ്ട് ബിജെപി സ്ഥാനാർഥികൾക്ക് 56 വോട്ടും ജെഡിഎസ് സ്ഥാനാർഥിക്ക് 14 വോട്ടും മാത്രമാണ് കിട്ടിയത്. സഖ്യത്തിന്റെ ബാക്കി 12 വോട്ടുകൾ കോൺഗ്രസിന് ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിജെപിയിൽ നിന്ന് എട്ടും ജെഡിഎസിൽ നിന്ന് നാലും വോട്ടുകൾ ചോർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ക്രോസ് വോട്ട് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിജെപി വ്യക്തമാക്കി.