ശക്തിപ്രകടനത്തിനൊരുങ്ങി കെജ്‌രിവാൾ; ഡൽഹി ജന്തർ മന്തറിൽ നാളെ എഎപിയുടെ ജനകീയ റാലി

  1. Home
  2. National

ശക്തിപ്രകടനത്തിനൊരുങ്ങി കെജ്‌രിവാൾ; ഡൽഹി ജന്തർ മന്തറിൽ നാളെ എഎപിയുടെ ജനകീയ റാലി

Kejriwal


ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങി ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ എഎപി കൂറ്റൻ ജനകീയ റാലി സംഘടിപ്പിക്കും. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ബിജെപിക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ യുദ്ധപ്രഖ്യാപനമായിട്ടാണ് ഈ മെഗാ റാലിയെ ആം ആദ്മി പാർട്ടി കണക്കാക്കുന്നത്.

മദ്യനയക്കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കുമെതിരെ ഗൂഢാലോചനയ്ക്കോ അഴിമതിക്കോ യാതൊരു തെളിവുകളുമില്ലെന്ന് കണ്ടെത്തിയ ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വിധിക്ക് പിന്നാലെ, ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കെജ്‌രിവാൾ വെല്ലുവിളിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.

2021-ലെ മദ്യനയവുമായി ബന്ധപ്പെട്ട് 1000 കോടിയുടെ അഴിമതി നടന്നെന്ന ആരോപണം എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഇത് പ്രധാന ആയുധമാക്കുകയും ചെയ്തിരുന്നു.