ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാവുന്നു;അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ എംപി
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കെ.സി വേണുഗോപാൽ കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവെന്നുമാണ് ആരോപണം. സിബിസിഐ സംഭവത്തെ കെട്ടിച്ചമച്ചതെന്നുവച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ സ്ഥാപനത്തിലേക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ്.
ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിരുന്നു പൊലീസ് നടപടി. ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞുവെക്കുകയായായിരുന്നു.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ കാണിച്ചു. എന്നാൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെൺകുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.കന്യാസ്ത്രീകൾക്ക് വേണ്ടി നാളെ ജാമ്യാപേക്ഷ സമർപ്പിക്കും.
