കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ കണ്ടു

  1. Home
  2. National

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ കണ്ടു

image


സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുൻവർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.

ഐ.ജി.എസ്.ടി ബാലൻസിൽ ഉണ്ടായ കുറവ് നികത്തുന്നതിനായി മുൻകൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപ കേന്ദ്രം കുറവുവരുത്തിയിരുന്നു. ഇതു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ദേശീയ പാതയുടെ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്ന ചെലവിൽ 25 ശതമാനം സംസ്ഥാന സർക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തിൽ നിന്ന് കടമെടുത്തായിരുന്നു സർക്കാർ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കുടമെടുപ്പ് പരിധിയിൽ നിന്ന് കുറവ് വരുത്തിയ നടപടി പുനഃപരിശോധിക്കണം. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകൾ കൂടാതെ നടപ്പുസാമ്പത്തിക വർഷം 6000 കോടി രൂപ അധികം കടമെടുക്കാൻ അനുവദിക്കണമെന്നും ധനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.