അമിതാഭ് ബച്ചനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ; മുംബൈയിലെ വസതിക്ക് സുരക്ഷ വർദ്ധിപ്പിച്ചു
ബോളിവുഡ് താരം അമിതാഭ് ബച്ചന് നേരെ നിരോധിത വിഘടനവാദ സംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' തലവൻ ഗുർപത്വന്ത് സിങ് പന്നൂന്റെ ഭീഷണി. നവംബർ 19-നും 27-നും ഇടയിൽ ബച്ചന്റെ മുംബൈയിലെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ ഒത്തുകൂടാൻ പന്നൂൻ അനുയായികൾക്ക് നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങളിൽ ബച്ചന് മറുപടി പറയേണ്ടി വരുമെന്നാണ് പന്നൂൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പന്നൂൻ അയച്ച ദുരൂഹ സന്ദേശത്തെയും 11 ലക്ഷം രൂപയുടെ വാഗ്ദാനത്തെയും തുടർന്ന് മുംബൈ പോലീസ് 'ജൽസ'യ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 'ബച്ച് ഗയേ യാ ഫസ് ഗയേ' (രക്ഷപ്പെട്ടോ അതോ കുടുങ്ങിയോ?) എന്ന സന്ദേശത്തോടൊപ്പം, ബച്ചന്റെ വീടിന് മുന്നിൽ "ഖലിസ്ഥാൻ ജൽസ" സംഘടിപ്പിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും പന്നൂൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഖലിസ്ഥാൻ സംഘടനയുടെ ഭീഷണിക്ക് പുറമെ, ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമായ ഗാങ്സ്റ്റർ ഗോൾഡി ധില്ലനിൽ നിന്നും അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ വധഭീഷണി നിലനിൽക്കുന്നുണ്ട്. 'ജൽസ'യ്ക്ക് പുറത്ത് വെടിവയ്പ്പ് നടത്താൻ ആസൂത്രണം ചെയ്ത ഗൂഢാലോചന അടുത്തിടെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പരാജയപ്പെടുത്തുകയും, സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്നുള്ള രണ്ട് തോക്കുധാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
