കൊൽക്കത്ത ദുർഗാ പൂജ ദുരന്തം: സംഘാടകരുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ

  1. Home
  2. National

കൊൽക്കത്ത ദുർഗാ പൂജ ദുരന്തം: സംഘാടകരുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ

kolkata


പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ പൂജ സംഘാടകർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോർ ബഗാൻ സർവജനീൻ ദുർഗോത്സവ് സമിതി സെക്രട്ടറി രാജ്കുമാർ സേവ്ദ (48), വൈസ് പ്രസിഡന്റ് ശാന്തനു ദുബെ (55) എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്.

പരസ്യ ബോർഡുകൾ സ്ഥാപിച്ച ബിപ്ലവ് മുഖർജി, വി.ഐ.പി പാസുകളും ജനക്കൂട്ടത്തെയും നിയന്ത്രിച്ചിരുന്ന കൗശിക് സാഹ, പിന്റു ഡേ, സുരക്ഷാ ചുമതലയുണ്ടായിരുന്ന സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സംഭവത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. തുടർന്ന് മുഖ്യമന്ത്രി സുവെന്ദു അധികാരിക്കൊപ്പം അദ്ദേഹം കാളിഘട്ട് കാളി ക്ഷേത്രത്തിലും ദർശനം നടത്തി. ദുരന്തത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 19 പേരാണ് അപകടത്തിൽ മരിച്ചത്, പരിക്കേറ്റ 25 പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.